Saturday, 18 June 2016

കുട്ടികളിലെ വായനാശീലം

mangalam malayalam online newspaper

വായനാശീലം മുതിര്‍ന്നവരെപോലെ കുട്ടികളിലും ഉണ്ടാവേണ്ട കാര്യമാണ്‌. ഇതാ തിരക്കുകള്‍ക്കിടയിലും അവരുമായുള്ള ബന്ധം ഊഷ്‌മളമാക്കാന്‍ ചില വഴികള്‍...
കുട്ടികള്‍ മുതിര്‍ന്നവരേക്കാള്‍ തിരക്കിലാണിന്ന്‌. സ്‌കൂള്‍, ട്യൂഷന്‍, നൃത്ത പഠനം, സംഗീത പഠനം, സ്‌പോര്‍ട്‌സ്... കുട്ടികള്‍ക്ക്‌ രക്ഷിതാക്കളുമായി അടുത്തിടപഴകാനോ അവരുമായി സമയം ചിലവഴിക്കാനോ കഴിയുന്നില്ല.
സ്‌കൂളില്‍ നിന്നുള്ള വിനോദയാത്രകളും സുഹൃത്തുക്കളുടെ പിറന്നാള്‍ പാര്‍ട്ടികളും കൂടിയാകുമ്പോള്‍ അവരുടെ ജീവിതം മുഴുവന്‍ തിരക്കിലാവുന്നു.
വായനാശീലം അറിവ്‌ വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം പഠിക്കാനുള്ള താല്‍പര്യവും കുട്ടികളില്‍
ഉണ്ടാക്കാന്‍ സഹായിക്കുന്നു. ടി.വി കാണുന്ന കുട്ടിയേക്കാള്‍ വായനാശീലമുള്ള കുട്ടികളിലാണ്‌ ബുദ്ധി വികാസം വര്‍ദ്ധിക്കുന്നതെന്ന്‌ വിവിധ പഠനങ്ങള്‍ വ്യക്‌തമാക്കുന്നു.
കൂടാതെ കുട്ടികളുടെ സംസാരം വ്യക്‌തമാകാനും വായനാശീലം സഹായിക്കും. കുട്ടികളില്‍ വായനാശീലം വളര്‍ത്തിയെടുക്കുവാന്‍ മാതാപിതാക്കളാണ്‌ സഹായിക്കേണ്ടത്‌. ഇത്‌ അല്‍പം ബുദ്ധിമുട്ടേറിയ ജോലിയാണ്‌.
സമയത്തോടൊപ്പം ക്ഷമയുണ്ടെങ്കില്‍ മാത്രമേ സാധിക്കൂ. കുട്ടികള്‍ തീരെ ചെറുതായിരിക്കുമ്പോള്‍ തന്നെ അവരുടെ മുന്നില്‍ വച്ച്‌ പത്രങ്ങളും മാസികകളും മാതാപിതാക്കള്‍ ഉറക്കെ വായിക്കുക.
കുഞ്ഞുങ്ങളുടെ ശ്രദ്ധ ഇതിലേക്ക്‌ തിരിയാന്‍ ഇതുപകരിക്കും. വാക്കുകള്‍ വളരെ ശ്രദ്ധിച്ച്‌ ഉറക്കെ ഉച്ചരിക്കുക. കുട്ടിക്ക്‌ വാക്കുകള്‍ എളുപ്പം മനസിലാക്കുവാന്‍ ഇത്‌ സഹായിക്കും.
കുട്ടിക്ക്‌ സംസാരിക്കാനോ ഏതെങ്കിലും വാക്കുകള്‍ ഉച്ചരിക്കാനോ പ്രയാസമുണ്ടെങ്കില്‍ പറയുന്നത്‌ ശ്രദ്ധിക്കാന്‍ പറയണം. കുട്ടികള്‍ക്ക്‌ ബുദ്ധിമുട്ട്‌ തോന്നുന്ന വാക്കുകള്‍ ആവര്‍ത്തിച്ചു പറയിക്കണം.

കാര്‍ട്ടൂണ്‍ പുസ്‌തകങ്ങള്‍ നല്‍കാം

കഥകളും, ചിത്രങ്ങളുമൊക്കെ ഇഷ്‌ടപ്പെടുന്നവരാണല്ലോ കുട്ടികള്‍. അതിനാല്‍ അവര്‍ക്ക്‌ കഥാ, കാര്‍ട്ടൂണ്‍ പുസ്‌തകങ്ങള്‍ വാങ്ങിച്ചുകൊടുക്കണം. തനിയെ വായിക്കാന്‍ കഴിയാത്ത കുട്ടികള്‍ക്ക്‌ മാതാപിതാക്കള്‍ വായിച്ചുകൊടുക്കണം.
ചിത്രങ്ങളുള്ള പുസ്‌തകങ്ങളാണ്‌ കുട്ടികളുടെ ശ്രദ്ധ പതിയാന്‍ നല്ലത്‌. വായിക്കാന്‍ തുടങ്ങുന്ന കുട്ടിക്ക്‌ വലിയ അക്ഷരങ്ങളില്‍ കുറച്ചുമാത്രം വാക്കുകളുള്ള പുസ്‌തകങ്ങള്‍ വാങ്ങിക്കൊടുക്കുക.
ഒരുപാടു വരികളും ചെറിയ അക്ഷരങ്ങളുമുള്ള പുസ്‌തകങ്ങള്‍ കുട്ടികളുടെ വായനാതാല്‍പര്യം കുറച്ചേക്കും. വീട്ടിലെ സാധനങ്ങളില്‍ പേരെഴുതി ഒട്ടിക്കുക. ആവശ്യമുള്ള സാധനം കണ്ടുപിടിച്ചുകൊണ്ടു വരാന്‍ കുട്ടിയോടു പറയുക.
ടെലിവിഷനില്‍ പഠനപരിപാടികളുണ്ടെങ്കില്‍ കുട്ടിയില്‍ അത്‌ കാണാനുളള താല്‍പര്യം വളര്‍ത്തിയെടുക്കുക. ഇത്‌ വാക്കുകളുമായി പരിചയപ്പെടാന്‍ കുട്ടിയെ സഹായിക്കും. വായനാശീലം കുട്ടികളില്‍ അടിച്ചേല്‍പ്പിക്കാനുള്ളതല്ലെന്നോര്‍ക്കുക. വായിക്കാന്‍ കുട്ടികളില്‍ താല്‍പര്യമുണ്ടാക്കുകയാണ്‌ വേണ്ടത്‌.
പാര്‍ക്കുകള്‍, പുതിയ മാളുകള്‍, ബീച്ചുകള്‍ തുടങ്ങി അവര്‍ക്ക്‌ ഇഷ്‌ടമുള്ള സ്‌ഥലങ്ങളിലേക്ക്‌ ആഴ്‌ചയില്‍ ഒരു തവണയെങ്കിലും കുട്ടികളെ പുറത്തുകൊണ്ടു പോവുക. എപ്പോഴും ഒരേസ്‌ഥലങ്ങളില്‍ കൊണ്ടുപോകാതെ വ്യത്യസ്‌തമായ സ്‌ഥലങ്ങളില്‍ വേണം അവരെ കൊണ്ടുപോകാന്‍.
പോകുന്ന സ്‌ഥലങ്ങള്‍ തിരഞ്ഞെടുക്കാന്‍ അവരെ അനുവദിക്കുകയും ചെയ്യാം. കുട്ടികളേയും കൊണ്ട്‌ പുറത്ത്‌ പോകുന്ന സമയത്ത്‌ പരസ്യബോര്‍ഡുകളിലെ വാക്കുകളും അക്ഷരങ്ങളും അവരെ കൊണ്ട്‌ വായിപ്പിക്കുന്നത്‌ അക്ഷരങ്ങളും,വാക്കുകളും മനസ്സില്‍ പതിയാന്‍ സഹായിക്കും.
ഒരു വാക്ക്‌ പറഞ്ഞ്‌ അത്‌ എവിടെയാണെന്ന്‌ കണ്ടുപിടിക്കാന്‍ കുട്ടിയോടാവശ്യപ്പെടാം. ഇത്തരം കാര്യങ്ങള്‍ സ്വാഭാവികമായും വായിക്കാനുള്ള താല്‍പര്യം കുട്ടികളില്‍ വളര്‍ത്തും.

കുട്ടികള്‍ക്കൊപ്പം സമയം ചെലവിടാം

കുട്ടികളുടെ താല്‍പര്യം ഏത്‌ മേഖലയിലാണെന്നറിഞ്ഞ്‌ അതില്‍ അവരെ പ്രോത്സാഹിപ്പിക്കുക. അത്‌ പെയിന്റിങ്‌, സൈക്ലിങ്‌, ശേഖരണം, സ്‌പോര്‍ട്‌സ് എന്തായാലും അതില്‍ അവരെ പ്രോത്സാഹിപ്പിക്കുക. അതില്‍ നിന്ന്‌ അവരെ വിലക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
നിങ്ങളുടെ കുട്ടികളുടെ പഠനം കളികളിലൂടെ മനോഹരമാക്കാന്‍ ശ്രമിക്കുക. അവരുടെ വിശേഷങ്ങള്‍ ചോദിക്കുന്നതിനും അവ താല്‍പര്യത്തോടെ കേള്‍ക്കുന്നതിനും സമയം കണ്ടെത്തുക.
ആഴ്‌ചയില്‍ ഒരു ദിവസമെങ്കിലും കുടുംബത്തോടൊപ്പം പുറത്ത്‌ പോകുന്നത്‌ കുട്ടികള്‍ക്ക്‌ വളരെ സന്തോഷമുള്ള കാര്യമാണ്‌. കുട്ടികളെ നിങ്ങളോടൊപ്പം അടുക്കളയിലേക്ക്‌ കൊണ്ടുപോവുക.
അവര്‍ക്ക്‌ ചെറിയ ചെറിയ ജോലികള്‍ നല്‍കുകയും അത്‌ ചെയ്യാന്‍ അവരെ അനുവദിക്കുകയും ചെയ്യുക. അടുക്കള കുറച്ച്‌ സമയം അവരുടെ ഇഷ്‌ടങ്ങള്‍ക്കായി വിട്ടുകൊടുക്കുക.
അവര്‍ക്ക്‌ എന്തെങ്കിലും തെറ്റുപറ്റിയാല്‍ ശിക്ഷിക്കുകയോ വഴക്ക്‌ പറയുകയോ ചെയ്യാതെ അവരെ അത്‌ പറഞ്ഞ്‌ മനസിലാക്കിക്കൊടുക്കുക. അവരുടെ കളികളിലും പഠനങ്ങളിലും നിങ്ങളും പങ്കാളികളാവുക.
ഒരിക്കലും നിങ്ങള്‍ കുട്ടികളില്‍ നിന്ന്‌ അകലുകയോ അവരുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വരാന്‍ അനുവദിക്കുകയോ ചെയ്യരുത്‌.

കുട്ടികള്‍ക്ക്‌ യോഗ

ഏതു പ്രായത്തില്‍ അല്ലെങ്കില്‍ കുട്ടികള്‍ക്ക്‌ യോഗ അഭ്യസിക്കാമോ എന്ന ചോദ്യം സര്‍വസാധാരണമായി ഉയരാറുണ്ട്‌. യോഗ അഭ്യാസിക്കാന്‍ പ്രായം ഒരു ഘടകമല്ല. രണ്ടുവയസായ കുട്ടിമുതല്‍ 90 വയസുവരെ ഉള്ളവര്‍ക്കുപോലും യോഗ അഭ്യസിക്കാം.
ജനിക്കുന്നതിന്‌ മുന്‍പ്‌; ഗര്‍ഭാവസ്‌ഥയില്‍ തന്നെ ശിശു യോഗവസ്‌ഥയിലാണ്‌. പറഞ്ഞാല്‍ കേള്‍ക്കുന്ന പ്രായംമുതല്‍ തന്നെ യോഗാഭ്യാസ്യം തുടങ്ങാം. കഠിനമായ പ്രാണായമാങ്ങളോ, ബന്ധങ്ങളോ, മുദ്രകളോ, കുട്ടികളെ അഭ്യസിപ്പിക്കരുത്‌.
ലളിതമായ ആസനങ്ങള്‍, ലഘുവായ പ്രാണായാമങ്ങള്‍ എന്നിവയാണ്‌ നല്ലത്‌. ക്രിയാത്മക ശക്‌തികള്‍ക്ക്‌ അടിത്തറയാകേണ്ടത്‌ കുരുന്നുപ്രായത്തില്‍ തന്നെയാണ്‌.
ബാല്യത്തില്‍ തന്നെ യോഗാഭ്യാസങ്ങള്‍ കുട്ടികള്‍ ചെയ്‌തുതുടങ്ങണം. കുട്ടികളില്‍ ഉണ്ടാകുന്ന ബാലാരിഷ്‌ടതകള്‍, രോഗങ്ങള്‍ എന്നിവ പാടെ മാറി ബുദ്ധിശക്‌തിയും കര്‍മ്മശേഷിയും ശരീരികമായ ആരോഗ്യവും വളരാന്‍ ഇത്‌ നല്ലതാണ്‌
കടപ്പാട്  മംഗളം 

Share this

Artikel Terkait

0 Comment to "കുട്ടികളിലെ വായനാശീലം"

Post a Comment