നമ്മുടെ സ്‌കൂളുകളിലെ അറബി ഭാഷാ പഠനം സാവകാശത്തിലാണ് വളര്‍ന്നുവന്നത്. തുടക്കത്തില്‍ വളരെ ദുര്‍ബലമായിരുന്നു അറബി അധ്യാപന സൗകര്യങ്ങള്‍. ഗവണ്‍മെന്റിന് കൃത്യമായി അറബി അധ്യാപകരെ നിയമിക്കുന്നതിനുള്ള സംവിധാനമോ കേന്ദ്രീകൃത സിലബസോ പാഠപുസ്തകങ്ങളോ ഉണ്ടായിരുന്നില്ല. പത്താം ക്ലാസില്‍ മാത്രമാണ് ഒരു പൊതു ടെക്സ്റ്റ് ബുക് ഉണ്ടായിരുന്നത്. മറ്റു ക്ലാസുകളില്‍ ഓരോ സ്‌കൂളിലും അവരവരുടെ സൗകര്യത്തിനുള്ള പുസ്തകങ്ങളാണ് പഠിപ്പിച്ചിരുന്നത്. ഇത് മലബാര്‍ ജില്ലയിലെ അവസ്ഥയായിരുന്നു, തിരുവിതാംകൂറില്‍ കുറേക്കൂടി മെച്ചമായിരുന്നു സ്ഥിതി.
വക്കം മൗലവിയുടെയും മറ്റും ശ്രമഫലമായി തിരുവിതാംകൂറിലെ സ്‌കൂളുകളില്‍ അറബി പഠിപ്പിക്കാന്‍ നേരത്തെ സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. 25 മുസ്‌ലിം വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്‌കൂളില്‍ ഒരു അറബി അധ്യാപകനെ നിയമിക്കാന്‍ തിരുവിതാംകൂറില്‍ വ്യവസ്ഥയുണ്ടായിരുന്നു. സ്‌കൂള്‍ ആരംഭിക്കുന്നതിനു മുമ്പായിരുന്നു ആദ്യഘട്ടത്തില്‍ അറബിക് ക്ലാസ്. പിന്നീട് സ്‌കൂള്‍ സമയത്തുതന്നെ അറബി പഠിപ്പിക്കാന്‍ തീരുമാനിക്കുകയും സിലബസില്‍ അറബി ഉള്‍പ്പെടുത്തുകയും അറബിക് മുന്‍ഷിമാരെ നിയമിക്കുകയും ചെയ്തു. തിരുവിതാംകൂറില്‍ അക്കാലത്ത് രണ്ട് തരം സ്‌കൂളുകളാണുണ്ടായിരുന്നത്. ഒന്ന്, സര്‍ക്കാര്‍ സ്‌കൂള്‍. രണ്ട്, ക്രിസ്ത്യന്‍ സ്‌കൂള്‍. ക്രിസ്ത്യാനികളായിരുന്നു അധിക സ്‌കൂളുകളും നടത്തിയിരുന്നത്. മിഷണറിമാര്‍ക്കായിരുന്നു അതിന്റെ മേല്‍നോട്ടം. പൊതുവെ നല്ല നിലവാരമുണ്ടായിരുന്നതിനാല്‍ കുട്ടികള്‍ അധികവും അവയിലാണ് പോയിരുന്നത്. മുസ്‌ലിം മാനേജ്‌മെന്റുകള്‍ക്കൊന്നും അന്ന് സ്‌കൂള്‍ ഇല്ല. തിരുവിതാംകൂര്‍ ഭരണാധികാരികള്‍ സ്ഥാപിച്ച സ്‌കൂളിലാണ് മിക്ക മുസ്‌ലിംകുട്ടികളുടെയും പഠനം. അതിലാണ് വക്കം മൗലവിയുടെ ശ്രമഫലമായി അറബി പഠിപ്പിക്കാന്‍ സംവിധാനമുണ്ടാക്കിയത്. വക്കം മൗലവി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നവരെയാണ് അറബി അധ്യാപകരായി നിയമിച്ചിരുന്നത്. അത്രയും സ്ഥാനമായിരുന്നു അവിടെ അദ്ദേഹത്തിന്. ഈ അവസ്ഥ പക്ഷേ മലബാറില്‍ ഇല്ലായിരുന്നു. ഓരോ ക്ലാസിലും എന്തൊക്കെ പഠിപ്പിക്കണം എന്ന് സിലബസ് ഉണ്ടായിരുന്നു. മദ്രാസ് ഗവണ്‍മെന്റ് തയാറാക്കിയതാണത്. പക്ഷേ, അതിന് കേന്ദ്രീകൃത ടെക്സ്റ്റ് ബുക്കൊന്നും ഇല്ല. നിശ്ചിത സിലബസ് പൂര്‍ത്തീകരിക്കാന്‍ പാകത്തിലുള്ള പുസ്തകങ്ങള്‍ ഓരോ സ്‌കൂളിലും അധ്യാപകര്‍ തന്നെ തെരഞ്ഞെടുക്കലായിരുന്നു പതിവ്. പത്താം ക്ലാസില്‍ പൊതുപരീക്ഷ ഉണ്ടായിരുന്നതിനാല്‍ അതിനുവേണ്ടി ഒരു പൊതു പുസ്തകം തയാറാക്കിയിരുന്നു. ഖിറാഅത്തുര്‍റശീദയോ മറ്റോ ആയിരുന്നുവെന്നാണ് എന്റെ ഓര്‍മ.
1956-ല്‍ ഐക്യകേരളം രൂപീകരിക്കപ്പെട്ടശേഷമാണ് മലബാറില്‍ അറബി ഭാഷാ അധ്യാപനത്തില്‍ കാര്യമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. കേന്ദ്രീകൃതമായ സിലബസും പാഠപുസ്തകങ്ങളും തയാറാക്കാനുള്ള തീരുമാനമായിരുന്നു അതിന്റെ ആദ്യപടി. 1957-ല്‍ അധികാരമേറ്റ ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ മന്ത്രിസഭയാണ് ഈ പരിഷ്‌കാരങ്ങള്‍ ആരംഭിച്ചത്. അന്ന് ജോസഫ് മുണ്ടശ്ശേരിയായിരുന്നു വിദ്യാഭ്യാസ വകുപ്പ് മന്ത്രി. ഒന്നുമുതല്‍ പത്തുവരെയുള്ള ക്ലാസുകളിലേക്ക് അറബിക് ടെക്സ്റ്റ് ബുക് തയാറാക്കാന്‍ ഒരു കമ്മിറ്റിക്ക് ഇടതുപക്ഷ ഗവണ്‍മെന്റ് രൂപം കൊടുത്തു. കമ്മിറ്റിയുടെ കണ്‍വീനറായി നിയമിക്കപ്പെട്ടത് ഞാനായിരുന്നു. പിന്നീട് ദീര്‍ഘകാലം, പാഠപുസ്തക കമ്മിറ്റിയുടെ കണ്‍വീനറായി ഞാന്‍ തുടരുകയും ചെയ്തു. ഗവണ്‍മെന്റ് അറബി പാഠപുസ്തക നിര്‍മാണത്തിന് കമ്മിറ്റിയെ നിശ്ചയിക്കാനുള്ള കാരണം എന്റെ ഒരു നിവേദനമായിരുന്നു. വിദ്യാഭ്യാസ മന്ത്രി ജോസഫ് മുണ്ടശേരിയെ സന്ദര്‍ശിച്ച് ഞാന്‍ ഒരു അപേക്ഷ സമര്‍പ്പിച്ചു. തിരുവിതാംകൂറിലേതുപോലെ അറബി ഭാഷാ പഠന സംവിധാനം മലബാറിലും ഏര്‍പ്പെടുത്തണം, അധ്യാപക നിയമനം, പാഠപുസ്തകങ്ങള്‍ എന്നിവയില്‍ കാലോചിതമായ പരിഷ്‌കാരങ്ങള്‍ ഉണ്ടാകണം എന്നതൊക്കെയായിരുന്നു നിവേദനത്തിന്റെ ഉള്ളടക്കം. സി.എച്ച് മുഹമ്മദ് കോയാ സാഹിബ് അന്ന് മുസ്‌ലിം ലീഗിന്റെ നിയമസഭാ കക്ഷി നേതാവായിരുന്നു. അദ്ദേഹവും വിഷയത്തില്‍ ഇടപെടുകയുണ്ടായി. ഞങ്ങളുടെ നിവേദനത്തോട് വളരെ അനുകൂലമായ സമീപനമാണ് ഇ.എം.എസ് നമ്പൂതിരിപ്പാട് സ്വീകരിച്ചത്. ജോസഫ് മുണ്ടശ്ശേരി മുന്‍കൈയെടുത്താണ് എന്നെ പാഠപുസ്തകക്കമ്മിറ്റിയുടെ കണ്‍വീനറായി നിശ്ചയിച്ചത്.
ഇങ്ങനെ രൂപീകരിക്കപ്പെട്ട ആദ്യത്തെ കമ്മിറ്റിയില്‍ വളരെ കുറച്ചുപേരേ ഉണ്ടായിരുന്നുള്ളൂ. ഫാറൂഖ് കോളേജിലെ പ്രഫ. വി. മുഹമ്മദ് സാഹിബ്, കടവത്തൂരിലെ എന്‍.കെ അഹ്മദ് മൗലവി, അയിരൂരിലെ മൂസാ മാസ്റ്റര്‍, തിരുവനന്തപുരത്തെ മുസ്‌ലിം വിദ്യാഭ്യാസ ഇന്‍സ്‌പെക്ടര്‍ സൈനുല്‍ ആബിദീന്‍ എന്നിവരായിരുന്നു എനിക്ക് പുറമെ കമ്മിറ്റി അംഗങ്ങള്‍. ഒന്നുമുതല്‍ പത്തുവരെ ക്ലാസുകളിലേക്ക് കേരള അറബിക് റീഡര്‍ എന്ന പേരില്‍ പാഠപുസ്തകങ്ങള്‍ തയാറാക്കിയത് ഞങ്ങളാണ്. തുടക്കത്തില്‍ തയാറാക്കിയ പുസ്തകങ്ങള്‍ പെട്ടെന്ന് തന്നെ പരിഷ്‌കരിക്കാന്‍ ആരംഭിക്കുകയും ചെയ്തു. അതുകൊണ്ട് ആദ്യഘട്ടത്തില്‍ 10-12 വര്‍ഷത്തോളം തുടര്‍ച്ചയായി പാഠപുസ്തകങ്ങളുടെ നിര്‍മാണ ജോലിയുണ്ടായിരുന്നു. എല്ലാ ക്ലാസിലെയും പുസ്തകങ്ങള്‍ ഒറ്റയടിക്ക് പരിഷ്‌കരിക്കാന്‍ സാധിക്കുമായിരുന്നില്ല. 3, 5, 7, 9 ക്ലാസുകളിലെ പുസ്തകമാണ് ആദ്യം പരിഷ്‌കരിച്ചത്. 2, 4, 6, 8 ക്ലാസുകളിലേതാണ് പിന്നീട് പരിഷ്‌കരിച്ചത്. ഒരു ടേമിലെ മാറ്റത്തിന് ഏതാണ്ട് അഞ്ചു വര്‍ഷമെടുത്തു. അടുത്ത ഘട്ടത്തില്‍ ഗൈഡും ഹാന്റ്ബുക്കും തയാറാക്കി അറബി ഭാഷാപഠനം കുറേക്കൂടി കാര്യക്ഷമമാക്കാന്‍ സാധിച്ചു.
അന്ന് ഞങ്ങള്‍ തയാറാക്കിയ പാഠപുസ്തകങ്ങളും അധ്യാപനരീതിയുമൊക്കെ ഇന്ന് തീര്‍ത്തും മാറിയിരിക്കുന്നു. ഇപ്പോള്‍ സംഭാഷണരീതിക്കും അസൈന്‍മെന്റ് വര്‍ക്കുകള്‍ക്കുമൊക്കെയാണ് പ്രാധാന്യം. എന്താണ് പഠിക്കുന്നതെന്ന് കുട്ടികള്‍ അറിയാതെ ഭാഷ സ്വായത്തമാക്കണമെന്ന് ലക്ഷ്യംവെക്കുന്നതാണ് ഇപ്പോഴത്തെ രീതി. മാതൃഭാഷ സംസാരിച്ചു പഠിക്കുന്നതുപോലെ സ്വാഭാവികമായി ഭാഷ മനസ്സിലാകുന്ന പുതിയ ബോധനരീതിയാണ് നാം ഇപ്പോള്‍ പിന്തുടരുന്നത്. പഴയതിനെക്കാള്‍ പ്രായോഗികവും കൂടുതല്‍ ഫലപ്രദവും പുതിയ രീതിയാണെന്നാണ് എന്റെ അഭിപ്രായം. ഇത് ഇവിടെ മാത്രമുള്ളതല്ല. ലോകത്തുടനീളം ഭാഷാപഠനത്തിന്റെ രീതിയില്‍ മാറ്റം വന്നിട്ടുണ്ട്. മുമ്പ് പരീക്ഷയെന്ന് കേട്ടാല്‍ കുട്ടികള്‍ക്ക് വലിയ പേടിയായിരുന്നു. ഇപ്പോള്‍ പരീക്ഷാപേടി പൊതുവെ ഇല്ല. മാര്‍ക്ക് നല്‍കുന്നതിനുപകരം ഗ്രേഡിംഗ് രീതിയും വന്നു. ഇതൊക്കെ ഗുണകരമാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. മുമ്പ് ഭാഷപഠിച്ചാല്‍ അത് പ്രയോഗിക്കാന്‍ അധിക കുട്ടികള്‍ക്കും സാധിക്കുമായിരുന്നില്ല. ഇപ്പോള്‍ ഭാഷ പ്രയോഗിക്കാനുള്ള പരിശീലനവും കൂടി കുട്ടികള്‍ക്ക് കിട്ടുന്നുണ്ട്. മനഃപാഠം പഠിക്കുന്ന പഴയ സമ്പ്രദായത്തിനും ഇന്ന് പ്രസക്തിയില്ല. ഇന്ന് എല്ലാ വിഷയങ്ങളും പ്രയോഗിച്ചാണ് മനസ്സിലാക്കുന്നത്. ഭാഷാ പഠനത്തില്‍ ഏറ്റവും പ്രധാനപ്പെട്ട വശമാണിത്. പഴയ പരിഭാഷാരീതി (Translation Method) ഭാഷയില്‍ കഴിവു വളര്‍ത്താന്‍ പര്യാപ്തമായിരുന്നില്ല. പാഠം വായിച്ച് അര്‍ഥം പറയുമ്പോള്‍ യഥാര്‍ഥത്തില്‍ ഭാഷ പഠിക്കുന്നില്ല. ഇന്നുപക്ഷേ, ഭാഷ കുട്ടികള്‍ സ്വയം പ്രയോഗിക്കുകയാണ്. ടെക്സ്റ്റ്ബുക്കിലെ പാഠങ്ങള്‍ അതിന് പറ്റിയതാണ്. ദൈനംദിന ജീവിതത്തിലെ വിഷയങ്ങള്‍ അതില്‍ കൊണ്ടുവരുന്നു. ഭാഷ ഉപയോഗിക്കാന്‍ കുട്ടികള്‍ക്ക് കൂടുതല്‍ അവസരം ലഭിക്കുന്നു. Give the opportunity എന്നതാണ് തത്ത്വം. കുട്ടികള്‍ ഭാഷയിലൂടെത്തന്നെ ചിന്തിക്കുന്നു, ഭാഷ അകത്തുനിന്ന് തന്നെ പഠിക്കുന്നു, പുറത്തുനിന്ന് പരിഭാഷപ്പെടുത്തുന്നതിനെക്കാള്‍ എന്തുകൊണ്ടും ഫലപ്രദമാണിത്.
അറബി ഭാഷയില്‍ നല്ല കഴിവുള്ളവര്‍ പുതിയ തലമുറയില്‍ ധാരാളം ഉണ്ടായിട്ടുണ്ട്. വിദേശത്ത് പഠിക്കാന്‍ അവസരം ലഭിച്ചവര്‍ക്ക് ഭാഷയില്‍ കൂടുതല്‍ ശോഭിക്കാന്‍ കഴിയും.
യഥാര്‍ഥത്തില്‍ മലയാളികള്‍ക്ക് അറബി ഭാഷയുമായുള്ള ബന്ധത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടല്ലോ. അറബി ഭാഷയില്‍ ഒരുപാട് പുസ്തകങ്ങള്‍ കേരളത്തിലെ മുസ്‌ലിം പണ്ഡിതന്മാര്‍ എഴുതിയിട്ടുണ്ട്. അവയെക്കുറിച്ചൊന്നും പക്ഷേ നമുക്ക് വലിയ അറിവോ ബോധമോ ഇല്ല. കേരളക്കാര്‍ രചിച്ച അറബി പുസ്തകങ്ങളെക്കുറിച്ച് ഒരു ലേഖനം കോഴിക്കോട് വലിയ ഖാദി ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ എഴുതിയിരുന്നു. കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്റെ 'അല്‍ബുശ്‌റാ' മാസികയിലാണ് അത് പ്രസിദ്ധീകരിച്ചിരുന്നത്. അറിയപ്പെടാത്ത ഒരുപാട് പുസ്തകങ്ങളെക്കുറിച്ച് അതിലദ്ദേഹം പറഞ്ഞിട്ടുണ്ട്. സൈനുദ്ദീന്‍ മഖ്ദൂമും അഹ്മദ്‌കോയ ശാലിയാത്തിയുമൊക്കെ ഇങ്ങനെ പുസ്തകങ്ങള്‍ എഴുതിയിരുന്നു. അഹ്മദ്‌കോയക്ക് ഹൈദരാബാദ് നൈസാമില്‍നിന്ന് അവാര്‍ഡ് കിട്ടിയിരുന്നു. സുന്നി നേതാവായിരുന്ന പാങ്ങില്‍ അഹ്മദ്കുട്ടി മുസ്‌ലിയാര്‍ മമ്പുറം തങ്ങളെപ്പറ്റി ഒരു മൗലിദ് എഴുതിയിട്ടുണ്ട് അറബിയില്‍. ഗദ്യവും പദ്യവും ചേര്‍ന്ന 60-70 പേജുള്ള പുസ്തകമാണത്. പള്ളിപ്പുറം അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ അറബിയില്‍ കവിതയും പുസ്തകവും എഴുതിയിട്ടുണ്ട്. 'ഫള്ഫരി' എന്നാണദ്ദേഹം അറിയപ്പെട്ടിരുന്നത്. 'പള്ളിപ്പുറത്തുകാരന്‍' എന്നതിന്റെ അറബീകൃത പ്രയോഗമാണത്രെ അത്.
അതേസമയം കഴിവുറ്റ അറബി പണ്ഡിതരോ മികച്ച അറബി ഗ്രന്ഥങ്ങളോ പില്‍ക്കാലത്ത് കേരളത്തിലുണ്ടായില്ല എന്നത് ദുഃഖകരമാണ്. അറബി ഭാഷയുമായുള്ള കേരളത്തിന്റെ ബന്ധവും അറബി ഭാഷാപഠനത്തിന് കേരളത്തിലുള്ള അതിവിപുലമായ സംവിധാനങ്ങളും വെച്ചുനോക്കുമ്പോള്‍ നല്ല അറബി പുസ്തകങ്ങള്‍ ഇവിടെനിന്ന് എഴുതപ്പെടേണ്ടതായിരുന്നു. അതുണ്ടായില്ല. രണ്ടു മൂന്ന് കാരണങ്ങള്‍ അതിനുണ്ടെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഒന്നാമതായി, അംഗീകാരക്കുറവ്. അറബിയില്‍ പുസ്തകമോ പ്രസിദ്ധീകരണമോ ഇറക്കിയാല്‍ അത് അംഗീകരിക്കാനും വാങ്ങാനും പ്രോത്സാഹിപ്പിക്കാനുമൊന്നും ഇവിടെ ആളില്ല. പിന്നെ എന്തിന് അത്തരം കാര്യങ്ങള്‍ക്ക് സമയവും പണവും ചെലവഴിക്കണം എന്ന് ആളുകള്‍ ചിന്തിക്കുക സ്വാഭാവികമാണ്. കൊച്ചന്നൂര്‍ അലി മൗലവിയുടെ അനുഭവം ഇതിന് നല്ല ഉദാഹരണമാണ്. നബിചരിത്രം മുഴുവന്‍ ആയിരം അറബിപദ്യങ്ങളിലായി അദ്ദേഹം രചിക്കുകയുണ്ടായി. രിയാദ് യൂനിവേഴ്‌സിറ്റി അംഗീകരിച്ച പ്രസ്തുത പുസ്തകം മലയാളി മുസ്‌ലിംകള്‍ കേള്‍ക്കുകയോ, കാണുകയോ ചെയ്തിട്ടുണ്ടാകില്ല. 'വീണ പൂവ്' എന്ന പ്രസിദ്ധ മലയാള കവിതാ പുസ്തകം അബൂബകര്‍ മൗലവി അറബിയിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ഇങ്ങനെ പലരെയും കാണാം. അവര്‍ക്കൊന്നും സമുദായത്തില്‍നിന്ന് ആവശ്യമായ അംഗീകാരം കിട്ടിയിട്ടില്ല. ഒരുപാട് സമയവും അധ്വാനവും ചെലവഴിച്ച് അതൊക്കെ എഴുതിയുണ്ടാക്കുകയും പണം മുടക്കി അച്ചടിക്കുകയും ചെയ്തവര്‍ അവസാനം നഷ്ടത്തിലാവുകയാണ് ചെയ്യുന്നത്. കെ.എ.ടി.എഫ് പുറത്തിറക്കിയിരുന്ന 'അല്‍ബുശ്‌റാ' അറബി മാസിക നിര്‍ത്തേണ്ടിവന്നത് എന്തുകൊണ്ടാണ്? ആയിരക്കണക്കിന് അധ്യാപകര്‍ സംഘടനയില്‍ അംഗങ്ങളാണ്. നല്ല ശമ്പളവുമുണ്ട് ഇപ്പോള്‍ അധ്യാപകര്‍ക്ക്. എന്നിട്ടും അറബി മാസിക പണം കൊടുത്ത് വാങ്ങാനും വായിക്കാനും പ്രോത്സാഹിപ്പിക്കാനുമൊന്നും ആളെ കിട്ടുന്നില്ല. ഇത് കേരളത്തിലെ മുസ്‌ലിംകള്‍ക്ക് അറബി ഭാഷാ ഗ്രന്ഥങ്ങളോടുള്ള സമീപനത്തിന്റെ നല്ല ഉദാഹരണമാണ്.
അറബി ഭാഷാ പഠനം സൗജന്യമാണ് എന്നതാണ് മറ്റൊരു പ്രധാന പ്രശ്‌നം. ഇവിടെ ഇംഗ്ലീഷും ഹിന്ദിയുമൊക്കെ പഠിക്കുന്നത് പണം മുടക്കിയാണ്. അതുകൊണ്ട്, പണം ചെലവഴിക്കുന്നവര്‍ക്ക് അതിന്റെ വിലയറിയാവുന്നതിനാല്‍ അവരത് നന്നായി പഠിക്കുന്നു. എന്നാല്‍ അറബി ഭാഷാ പഠനം മിക്കവാറും സൗജന്യമാണ് എന്നത് വലിയ ദോഷമാണ്. നമ്മള്‍ ഇത് എന്നോ മാറ്റേണ്ടതായിരുന്നു. പക്ഷേ, ഇപ്പോഴും അതങ്ങനെത്തന്നെ തുടരുകയാണ്. അറബിക് കോളേജ്, പള്ളി ദര്‍സ് തുടങ്ങിയ അറബി ഭാഷാപഠനത്തിന്റെ പ്രധാന കേന്ദ്രങ്ങളെല്ലാം സൗജന്യ സേവനമാണ് നല്‍കുന്നത്. അതേസമയം ആര്‍ട്‌സ് കോളേജുകളും പ്രഫഷണല്‍ കോളേജുകളും അങ്ങനെയല്ല. പുസ്തകവും ഫീസും ഭക്ഷണവും താമസവുമൊക്കെ സ്വന്തമായി വഹിക്കണം. എന്തുകൊണ്ട് ഈ രീതി അറബി ഭാഷാപഠനത്തില്‍ ഉണ്ടാകുന്നില്ല. സൗജന്യമായി കിട്ടുന്നതിന്റെ വിലയേ പലപ്പോഴും അറബിഭാഷക്ക് നല്‍കപ്പെടുന്നുള്ളൂ. പണം ചെലവഴിച്ച് പഠിക്കുമ്പോഴേ അതിനൊരു വിലയും മൂല്യവുമുണ്ടാകൂ. ഫീസ് ഏര്‍പ്പെടുത്തിയാല്‍ അറബി പഠിക്കാന്‍ ആളെ കിട്ടില്ല എന്ന തോന്നല്‍ ഉണ്ടായപ്പോഴാണ്, ഫീസില്ലാതെ, സൗജന്യ പഠനത്തിന് സംവിധാനമുണ്ടാക്കാന്‍ അറബി ഭാഷ പഠിക്കലും പഠിപ്പിക്കലും 'സുന്നത്താ'ണെന്ന് പറഞ്ഞ് വഴി കണ്ടെത്തിയത്.
അറബിക് കോളേജുകളില്‍നിന്ന് പഠിച്ചിറങ്ങുന്ന പുതിയ തലമുറക്ക് ഭാഷയില്‍ പഴയതുപോലെ നിലവാരവുമില്ലെന്ന ആക്ഷേപമുണ്ട്. നമ്മുടെ അറബിക്-ദീനീ സ്ഥാപനങ്ങള്‍ക്ക് പഴയ സ്റ്റാന്‍ഡേര്‍ഡ് നഷ്ടപ്പെട്ടുപോയിരിക്കുന്നു. സ്വന്തം പേരിന്റെ കൂടെ സ്ഥാപനത്തിന്റെ പേരും ഡിഗ്രിയുമൊക്കെ ചേര്‍ത്തുനടക്കുന്ന കുറേ ആളുകളെ കാണാം. ഏതെങ്കിലുമൊരു സംഘടനയെക്കുറിച്ചല്ല, മൊത്തം സമുദായത്തെക്കുറിച്ചാണ് ഞാനിത് പറയുന്നത്. നമ്മുടെ സ്ഥാപനങ്ങളില്‍നിന്ന് പഠിച്ചിറങ്ങുന്നവര്‍ക്ക് കാല്‍ക്കാശിന് വിലയില്ലാതാകുന്നുണ്ടെങ്കില്‍ അത് വലിയ ദുരന്തം തന്നെയാണ്. മുമ്പ് നമ്മുടെ സ്ഥാപനങ്ങളില്‍നിന്ന് പഠിച്ചിറങ്ങിയവരൊക്കെ നല്ല കഴിവും പാണ്ഡിത്യവും ഉള്ളവരായിരുന്നു. ഇന്ന് മതസ്ഥാപനങ്ങളിലെ പ്രോഡക്റ്റുകളെ കുറിച്ച് പറയാതിരിക്കുകയാണ് ഭേദം. കുട്ടികളുടെ മാത്രം കുറ്റമല്ല ഇത്. സിലബസും ടെക്സ്റ്റ്ബുക്കുകളും അധ്യാപന നിലവാരവുമൊക്കെ ഈ തകര്‍ച്ചക്ക് കാരണമാണ്. അഫ്ദലുല്‍ ഉലമയുടെ ഇപ്പോഴത്തെ സിലബസിന്റെ അവസ്ഥയെന്താണ്. 40 ആയത്തോ മറ്റോ ആണ് ഒരു ക്ലാസില്‍ പഠിക്കാനുള്ളത്. ഞാന്‍ 1939-ല്‍ അഫ്‌സലുല്‍ ഉലമ പരീക്ഷക്കിരിക്കുമ്പോള്‍ സയ്യിദ് റഷീദ് രിദയുടെ തഫ്‌സീറുല്‍ മനാര്‍ മുഴുവന്‍ പഠിക്കാനുണ്ടായിരുന്നു. ഇപ്പോഴെന്താണുള്ളത്! അതുകൊണ്ട് കുറേക്കൂടി ഗൗരവത്തില്‍ ഭാഷാപഠനത്തെ സമീപിക്കാന്‍ നാം തയാറാകണം.
കടപ്പാട്:: prabodhanam.net
0 Comment to "അറബി ഭാഷാ പഠനത്തിന്റെ വളര്‍ച്ച::: കരുവള്ളി മുഹമ്മദ് മൗലവി "
Post a Comment