Friday, 14 April 2017

എച്ച് 1 എന്‍ 1 പനിക്കെതിരെ ജാഗ്രത പാലിക്കണം: ഡി.എം.ഒ

ജില്ലയില്‍ എച്ച് 1 എന്‍ 1 പനിക്കെതിരെ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. പനി, തൊണ്ടവേദന, മൂക്കൊലിപ്പ്, ചുമ, ശ്വാസതടസ്സം, ശരീരവേദന, വയറിളക്കം, ഛര്‍ദ്ദി തുടങ്ങിയവയാണ് എച്ച് 1 എന്‍ 1 പനിയുടെ രോഗലക്ഷണങ്ങള്‍. ഗര്‍ഭിണികള്‍, ശ്വാസകോശ സംബന്ധമായ അസുഖമുള്ളവര്‍, കുട്ടികള്‍, വൃദ്ധര്‍, കരള്‍ - വൃക്ക സംബന്ധമായ രോഗമുള്ളവര്‍, അപസ്മാര ബാധിതര്‍, കാന്‍സര്‍ രോഗികള്‍, എച്ച്.ഐ.വി / എയ്ഡ്‌സ് ബാധിതര്‍, തലച്ചോര്‍ സംബന്ധമായ അസുഖമുള്ളവര്‍, പ്രമേഹ രോഗികള്‍, രക്താതിസമര്‍ദ്ദമുള്ളവര്‍, ദീര്‍ഘകാലമായി സ്റ്റീറോയ്ഡ് മരുന്ന് ഉപയോഗിക്കുന്നവര്‍ ഈ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ അടിയന്തര വൈദ്യസഹായം തേടണമെന്നും സ്വയം ചികിത്സ ഒഴിവാക്കണമെന്നും ഡി.എം.ഒ. അറിയിച്ചു. എച്ച് 1 എന്‍ 1 പനി ഇത്തരക്കാരില്‍ ഗുരുതരമാകാനും മരണകാരണമാകാനും സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ കഴിയുന്നതും വീടുകളില്‍ തന്നെ വിശ്രമിക്കേണ്ടതാണ്. രോഗാണുക്കള്‍ വായുവിലൂടെ പകരുന്നതിനാല്‍ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിച്ച് വായ്, മൂക്ക് എന്നിവ മൂടുക, ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കൈ കഴുകുക എന്നീ കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തണം. ധാരാളം വെള്ളം കുടിക്കുക, പോഷകാഹാരം കഴിക്കുക, പൂര്‍ണമായ വിശ്രമം എന്നിവയും അനിവാര്യമാണ്. എച്ച് 1 എന്‍ 1 പനിക്കെതിരെയുള്ള മരുന്ന് എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യമായി ലഭിക്കുമെന്നും ഡി.എം.ഒ അറിയിച്ചു.

Share this

Artikel Terkait

0 Comment to "എച്ച് 1 എന്‍ 1 പനിക്കെതിരെ ജാഗ്രത പാലിക്കണം: ഡി.എം.ഒ"

Post a Comment